Saturday, October 10, 2020

അർറഹ്മാൻ

അല്ലാഹു പറയുന്നു ഖുർആനിലായ്

 

"ഫബി അയ്യി ആലായി റബ്ബിക്കുമാ

 

തുക്കദ്ധിബാൻ " മാനുഷാ വിവേകിയെങ്കിൽ

 

"നീ നിഷേധിക്കുമോ ഞാൻ നൽകിയ

 

ഏതേത് അനുഗ്രഹം ചൊല്ലണം നീ".

 

ഞാൻ പഠിപ്പിച്ചില്ലേ ഖുർആൻ അതും

 

ഞാൻ പടച്ചില്ലേ മനുഷ്യനേയും

 

ഞാൻ പഠിപ്പിച്ചില്ലേ സംസാരവും

 

സൂര്യനെ ചന്ദ്രനെ കൃത്യതയാൽ

 

കണക്ക് തെറ്റിക്കാതെ ഓടിക്കുന്നു.

 

കുറ്റിച്ചെടികളും വന്മരങ്ങൾ

 

ഒരുപോലെ സ്നേഹത്താൽ നമിക്കുന്നെന്നെ.

 

ആകാശമേഘവും നക്ഷത്രങ്ങൾ

 

നീതിയാൽ ഉയരത്തിലാക്കീ ഞാനും.

 

തെറ്റിക്കരുതീ പ്രകൃതി തന്റെ

 

സന്തുലിതാവസ്ഥ എന്നേക്കുമായ്

 

അതിനാലാളക്കുക, നീതിപൂർവ്വം

 

നിൻ ത്രാസിതെപ്പോഴും കൃത്യമാവാൻ.

 

തൻ സൃഷ്ടികൾക്കു വസിക്കുവാനായ്

 

വിശാലമാക്കീയവൻ ഭൂമിയേയും

 

ആ ഭൂമിയിൽ ഞാൻ നിനക്ക് തന്നൂ

 

ഈന്തപ്പനയും പഴങ്ങളേയും .

 

അവയെ രക്ഷിക്കും ദളങ്ങളെയും.

 

പിന്നെ ഗോതമ്പിനെ ഇലയും തണ്ടും

 

ഭക്ഷിക്കാനായി മൃഗങ്ങൾക്കതും

 

നല്ല സുഗന്ധമാം ചെടികളെയും .

 

ശബ്ദമുണ്ടാക്കുന്ന മണ്ണിൽ നിന്നും

 

പാത്രമുണ്ടാക്കുന്ന പോലെയവൻ

 

സൃഷ്ടിച്ചതാണല്ലോ മാനുഷനെ

 

പുകയില്ലാതുള്ളതാം അഗ്നിതന്നിൽ

 

നിന്നവൻ സൃഷ്ടിച്ചു ജിന്നിനെയും.

 

അറിയണം മാനുഷാ നീ തന്നെയും

 

നിന്റെ ഉറവിടം പോലുമതും

 

ഈ ഭൂമി, ഈ ഭൂമി, ഈ മണ്ണ് താൻ

 

ഈ മണ്ണിലേക്ക് മടങ്ങുന്നതും

 

അത് മൂലമാണെന്നറിയണം നീ.

 

ഒച്ചയുണ്ടാക്കുവാൻ പാടില്ലയീ ഭൂവിൽ

 

മേലെയായ് നീ നടന്നു പോലും.

 

ശബ്ദമാം മാലിന്യമായി പോലും

 

നിന്ദിക്കവേണ്ട ഈ ഭൂമിയെങ്കിൽ

 

വന്ദനീയം ഭൂമി, പൂജനീയം ഭൂമി

 

ആദാമിൻ മക്കൾ തൻ മാതാവ് ഭൂമി.

 

ഈ അന്തരീക്ഷത്തിൻ സൃഷ്ടാവല്ലാഹ്

 

ഈ ഭൗമ ഗോള സിദ്ധാന്തമല്ലാഹ്

 

ഈ മണ്ണിൻ മരങ്ങൾ തൻ രക്ഷകനല്ലാഹ്

 

പ്രകൃതി സ്നേഹിയാം ദൈവമല്ലാഹ്

 

രണ്ട് കിഴക്കിന്റെ നാഥനവൻ

 

രണ്ട് പടിഞ്ഞാറിൻ നാഥനവൻ

 

ഒന്നിച്ചൊഴുകും സമുദ്രങ്ങളിൽ

 

ശുദ്ധവെള്ളത്തിനൊഴുക്കിനെയും

 

ഉപ്പു വെള്ളത്തിന്നൊഴുക്കിനെയും

 

കാണാ കടമ്പയിൽ മാറ്റി നിർത്തി

 

ഒന്നൊന്നു മേലെയായ് പോകാതെയായ്

 

ഈ സമുദ്രങ്ങളിൽ നിന്ന് തന്നൂ,

 

മുത്തും പവിഴവും നമുക്കായവൻ

 

ഉയരുന്ന പർവ്വതം പോലെയായീ

 

കടലിലൊഴുകുന്ന കപ്പലുകൾ

 

അവനെന്ന് കാണിച്ചൂ നമ്മൾക്കായി

 

നാശമുണ്ടീ ഭൂവിൽ സർവ്വതിനും

 

എന്നെന്നേക്കുമായതിൽ നില നിൽക്കുന്നൂ

 

എന്റെ നാഥന്റെയാം സൽസ്വരൂപം.

 

ഭൂമിയിൽ സ്വർഗത്തിൽ ഓരോ സൃഷ്ടി

 

ആശ്രയിക്കുന്നൂ അവനെ തന്നെ.

 

ഓരോ ദിനത്തിലും പൂർവ്വാധികം

 

ശോഭയാൽ നാഥൻ തിളങ്ങീടുന്നു

 

തീർപ്പു കല്പിക്കുന്നവൻ പെട്ടെന്നായി

 

ഇഹലോക പരലോക കാര്യങ്ങളെ

 

അല്ലാഹു ചോദിപ്പൂ വീണ്ടുമായി

 

മനുഷ്യ ജിന്നിന്റെ സമൂഹങ്ങളേ

 

ഭൂമി സ്വർഗത്തിന് പരിധി വിട്ടു

 

പായുവാനാവുമോ നീ തനിയെ.

 

എന്റെ അനുഗ്രഹം ഇല്ലാതെയായ് .

 

നിന്റെ അടുക്കലേക്കെങ്ങാനുമായ്

 

ഒരഗ്നിതൻ നാളങ്ങൾ വന്നണഞ്ഞാൽ

 

ശ്വാസം തടയും പുകയാണഞ്ഞാൽ

 

ആരും നിനക്കില്ല രക്ഷകനായ്.

 

അല്ലാഹു പറയുന്നു ഖുർആനിലായ്

 

"ഫബി അയ്യി ആലായി റബ്ബിക്കുമാ

 

തുക്കദ്ധിബാൻ " മാനുഷാ വിവേകിയെങ്കിൽ

 

"നീ നിഷേധിക്കുമോ ഞാൻ നൽകിയ

 

ഏതേത് അനുഗ്രഹം ചൊല്ലണം നീ

 

20/10/2010

No comments:

Post a Comment